അപ്‌ഡേറ്റുകള്‍

1981ല്‍ പുനലൂര്‍ എസ്.എന്‍. കോളേജിലെ ബിരുദപഠനത്തിനിടെ കാര്‍ട്ടൂണ്‍ ക്ലബ്ബ് സെക്രട്ടറിയായാണ് ബാലഗോപാലിന്‍റെ പൊതുജീവിതത്തിന്‍റെ തുടക്കം. പിന്നെ, മാഗസിന്‍ എഡിറ്ററായി. ഒടുവില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും നായകനായ ചെയര്‍മാനും. കോളേജിനു പുറത്തേക്കും വളര്‍ന്ന ബാലഗോപാല്‍ എസ്.എഫ്.ഐ. പുനലൂര്‍ ഏരിയാ പ്രസിഡന്‍റായി. ബിരുദാനന്തര പഠനത്തിനായി തിരുവനന്തപുരം എം.ജി. കോളേജിലെത്തിയ അദ്ദേഹം അവിടെ സംഘപരിവാറിനോട് പോരാടി കോളേജ് യൂണിയന്‍ ചെയര്‍മാനായി പിന്നീട് എസ്.എഫ്.ഐയുടെ കൊല്ലം ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.

വിദ്യാര്‍ത്ഥി -യുവജന രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് വിവിധ പ്രക്ഷോഭങ്ങളിലെ പങ്കാളിയെന്ന നിലയില്‍ ബാലഗോപാല്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1996 തുടക്കത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പ്രശ്നങ്ങളുയര്‍ത്തി കാസര്‍കോഡ് നിന്ന് തിരുവനന്തപുരം വരെ ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട ജാഥ തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായി ജനവികാരം സ്വരൂപിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് കേരളത്തിലേക്ക് ബാലഗോപാല്‍ തിരിച്ചെത്തുന്നത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ്. ആ പദവിയിലിരുന്നുകൊണ്ട് കൊല്ലത്തിന്‍റെ വികസനത്തിന് സഹായകരമായ ഒട്ടേറെ നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. കുണ്ടറയില്‍ ഉയര്‍ന്ന ടെക്നോപാര്‍ക്ക് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. തന്‍റെ മുന്നില്‍ വന്ന ഫയലുകള്‍ കാലതാമസം കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും ജനോപകാരപ്രദമായ തീരുമാനങ്ങളെടുപ്പിക്കാനും പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ് രാജ്യസഭാംഗമായി ഡല്‍ഹിയിലേക്കു പോയത്.