കെ. എന്‍. ബാലഗോപാല്‍
ഇന്ത്യയിലെ 576 നവോദയ വിദ്യാലയങ്ങളിലെ കുട്ടികള്‍ ഇന്ന് നല്ല ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ നന്ദിയോടെ സ്മരിക്കുന്നത് ഒരു കൊല്ലംകാരനെയാണ് -കെ.എന്‍.ബാലഗോപാല്‍. രാജ്യസഭാംഗമെന്ന നിലയില്‍ ഈ മനുഷ്യന് നടത്തിയ ഇടപെടലാണ് ഇന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വയറും മനവും നിറയ്ക്കുന്നത്.
കൊട്ടാരക്കരയിലെ നവോദയ വിദ്യാലയത്തില്‍ തന്റെ എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോഴാണ് കുട്ടികള്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നില്ല എന്ന പരാതി കേട്ടത്. ഒരു ചെവിയില്‍ കൂടി കേട്ട് മറുചെവിയില്‍ കൂടി കളയുകയല്ല ഈ ജനപ്രതിനിധി ചെയ്തത്. രാജ്യസഭയുടെ അടുത്ത സമ്മേളനത്തില്‍ വിഷയം അവിടെ ഉന്നയിച്ചു. ഇതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് ഭക്ഷണത്തിന് അനുവദിക്കുന്ന തുക 40 രൂപയില്‍ നിന്ന് 80 രൂപയായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഇത്തരം ഇടപെടലുകള്‍ നടത്തിയ എം.പിക്ക് മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനുള്ള സന്‍സദ്രത്ന പുരസ്കാരം കിട്ടിയതില്‍ അത്ഭുതമൊട്ടുമില്ല.
1981ല്‍ പുനലൂര്‍ എസ്.എന്‍. കോളേജിലെ ബിരുദപഠനത്തിനിടെ കാര്‍ട്ടൂണ്‍ ക്ലബ്ബ് സെക്രട്ടറിയായാണ് ബാലഗോപാലിന്റെ പൊതുജീവിതത്തിന്റെ തുടക്കം. പിന്നെ, മാഗസിന് എഡിറ്ററായി. ഒടുവില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും നായകനായ ചെയര്‍മാനും. കോളേജിനു പുറത്തേക്കും വളര്‍ന്ന ബാലഗോപാല്‍ എസ്.എഫ്.ഐ. പുനലൂര്‍ ഏരിയാ പ്രസിഡന്റായി. ബിരുദാനന്തര പഠനത്തിനായി തിരുവനന്തപുരം എം.ജി. കോളേജിലെത്തിയ അദ്ദേഹം അവിടെ സംഘപരിവാറിനോട് പോരാടി കോളേജ് യൂണിയന് ചെയര്‍മാനായി പിന്നീട് എസ്.എഫ്.ഐയുടെ കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കെ.എന്‍.ബാലഗോപാല്‍ പരീക്ഷാ കലണ്ടര്‍ ഏകീകരണം ഉള്‍പ്പടെ ഭരണപരമായ ഒട്ടേറെ നിര്‍ണ്ണായക പരിഷ്ക്കാരങ്ങലള് കൊണ്ടുവരുന്നതിന് മുന്‍കൈയെടുത്തു. ഈ സമയത്ത് അദ്ദേഹം എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി. പിന്നാലെ സംസ്ഥാന സെക്രട്ടറിയും തുടര്‍ന്ന് അഖിലേന്ത്യാ പ്രസിഡന്റുമായി. മികച്ച സംഘാടകനെന്ന നിലയില്‍ ദേശീയ തലത്തില്‍ പേരെടുത്തു. ഡി.വൈ.എഫ്.ഐയുടെയും അഖിലേന്ത്യാ പ്രസിഡന്റായി.
വിദ്യാര്‍ത്ഥി -യുവജന രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് വിവിധ പ്രക്ഷോഭങ്ങളിലെ പങ്കാളിയെന്ന നിലയില്‍ ബാലഗോപാല്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. 1996 തുടക്കത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പ്രശ്നങ്ങളുയര്‍ത്തി കാസര്‍കോഡ് നിന്ന് തിരുവനന്തപുരം വരെ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട ജാഥ തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായി ജനവികാരം സ്വരൂപിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.
ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് കേരളത്തിലേക്ക് ബാലഗോപാല്‍ തിരിച്ചെത്തുന്നത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ്. ആ പദവിയിലിരുന്നുകൊണ്ട് കൊല്ലത്തിന്റെ വികസനത്തിന് സഹായകരമായ ഒട്ടേറെ നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. കുണ്ടറയില്‍ ഉയര്‍ന്ന ടെക്നോപാര്‍ക്ക് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. തന്റെ മുന്നില്‍ വന്ന ഫയലുകള്‍ കാലതാമസം കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും ജനോപകാരപ്രദമായ തീരുമാനങ്ങളെടുപ്പിക്കാനും പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. തുടര്‍ന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു .